
വാഷിംഗ്ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാസ. ചന്ദ്രനിൽ പോകുന്നത് മാത്രം അല്ല ഇനിയുള്ള ലക്ഷ്യമെന്നാണ് നാസ വ്യക്തമാക്കുന്നത്. അവിടെ സ്ഥിരമായി മനുഷ്യർ താമസിച്ച് ഗവേഷണം നടത്താനുള്ള സൗകര്യം സൃഷ്ടിക്കുകയാണെന്ന് നാസ വ്യക്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഗവേഷണ നിലയം സ്ഥാപിക്കാനാണ് നാസ പദ്ധതി തയ്യാറാക്കുന്നത്. ഈ കേന്ദ്രത്തിലൂടെ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുകയാണ് അമേരിക്കയുടെ ദീർഘകാല ലക്ഷ്യം.
പദ്ധതിയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം നിർണായകമാകും. ആദ്യഘട്ടത്തിൽ റോബോട്ടിക് ദൗത്യങ്ങൾ ശക്തമാക്കും. തുടർന്ന് ലാൻഡറുകളും റോവറുകളും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, പിന്നീട് മനുഷ്യർ താമസിക്കാനാകുന്ന നിലയ നിർമ്മാണത്തിലേക്ക് കടക്കും.
ആർട്ടെമിസ് 5ന് ശേഷമാകട്ടെ കൂടുതൽ സ്ഥിരതയാർന്ന ദൗത്യങ്ങൾ നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകൾ പോലെ ആറുമാസത്തിലൊരിക്കൽ ചാന്ദ്ര നിലയത്തിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കാനാണ് പദ്ധതി. 2029ഓടെ ചാന്ദ്ര നിലയത്തിന്റെ പ്രാഥമിക പ്രവർത്തനം ആരംഭിക്കും. 2032ഓടെ സ്ഥിരം മനുഷ്യ സാന്നിധ്യം ഉറപ്പാക്കാനാണ് ലക്ഷ്യം. അതേസമയം, 2027 മുതൽ തന്നെ ഓരോ മാസവും ചന്ദ്രനിലേക്ക് ദൗത്യങ്ങൾ നടത്തുമെന്നും നാസ വ്യക്തമാക്കി.
ഏകദേശം 20 ബില്യൺ ഡോളർ ചെലവിൽ നടപ്പാക്കുന്ന ഈ ബൃഹത് പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക
• ആദ്യം ഉപകരണങ്ങളും റോവറുകളും പരീക്ഷണാടിസ്ഥാനത്തിൽ ചന്ദ്രനിലെത്തിക്കൽ
• തുടർന്ന് ബഹിരാകാശ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ
• ഒടുവിൽ ദീർഘകാല മനുഷ്യ താമസത്തിനുള്ള സ്ഥിര സംവിധാനങ്ങൾ നിർമ്മിക്കൽ
“പതാക നാട്ടുകയോ കാൽപ്പാടുകൾ പതിപ്പിക്കുകയോ മാത്രമല്ല, ചന്ദ്രനിൽ ജീവിക്കുക തന്നെയാണ് ലക്ഷ്യം,” എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കിയത്.











